ഇന്ത്യ-ഇംഗ്ലണ്ട് ടി20: ആദ്യ മാച്ചില്‍ അടിപതറി ഇംഗ്ലണ്ട്; ഇന്ത്യക്ക് ജയിക്കാന്‍ 133
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 133 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുമ്പില്‍ പിടിച്ചു നില്ക്കാനാവാതെ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ ഓരോന്നായി നഷ്ടമായിക്കൊണ്ടിരുന്നു. എട്ട് ബൗണ്ടറിയും രണ്ട് സിക്സറും അടക്കം 44 ബോളില്‍ നിന്ന് 68 റണ്‍സ് എടുത്ത ജോസ് ബട്ലര് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. പതിനേഴ് റണ്‍സെടുത്ത ഹാരി ബ്രൂക്കും പന്ത്രണ്ട് റണ്‍സെടുത്ത ജൊഫ്ര ആര്‍ച്ചറും മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കുവേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്നും അര്‍ഷ്ദീപ് സിംഗ്, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ടി ട്വന്റിയില്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമായി അര്‍ഷ്ദീപ് ഇന്നത്തെ മത്സരത്തില്‍ റെക്കോര്‍ഡും കുറിച്ചു. 97 വിക്കറ്റാണ് അര്‍ഷ്ദീപ് ഇതുവരെ വീഴ്ത്തിയത്. 96 വിക്കറ്റുള്ള യൂസ്വേന്ദ്ര ചാഹലിന്റെ റെക്കോഡാണ് അര്‍ഷദീപ് മറികടന്നത്.
Story Highlights: England vs India T20 series in 2025