ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണം ; പുതിയ രൂപരേഖ സമർപ്പിച്ചിട്ടും തീരുമാനമായില്ല
ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ വരുത്തി സമർപ്പിച്ച രൂപരേഖയിലും റെയിൽവേ തീരുമാനമെടുത്തിട്ടില്ല. ആദ്യം സമർപ്പിച്ച രൂപരേഖ റെയിൽവേ ബോർഡ് മടക്കിയതിനെത്തുടർന്നാണ് മാറ്റങ്ങൾ വരുത്തിയ രൂപരേഖ സമർപ്പിച്ചത്. 190 കോടി ചെലവ് പ്രതീക്ഷിക്കുന്ന റിപ്പോർട്ടാണ് സമർപ്പിച്ചതെങ്കിലും റെയിൽവേ ബോർഡിനു സ്വീകാര്യമായില്ല. ഇതിനെത്തുടർന്നാണ് റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം പുതുക്കിയ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട് മൂന്നു തരത്തിലുള്ള റിപ്പോർട്ടുകളാണ് റെയിൽവേ ബോർഡിനു മുന്നിലെത്തിയത്. എന്നാൽ, ഇവയൊന്നും ബോർഡിനു സ്വീകാര്യമായിരുന്നില്ല. നിർമാണച്ചെലവ് അധികമാണെന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് നിർമാണോദ്ഘാടനം നടത്തിയതെങ്കിലും വിശദമായ പദ്ധതിരേഖയ്ക്ക് അനുമതിയായില്ലായിരുന്നു.
ചെങ്ങന്നൂർ സ്റ്റേഷൻ നവീകരണത്തിന് 360 കോടി വകയിരുത്തുമെന്നായിരുന്നു പറഞ്ഞത്. പിന്നീട്, ആദ്യം രൂപരേഖ തയ്യാറാക്കിയപ്പോൾ 220 കോടിയായും ഒടുവിൽ 190 കോടിയായും കുറഞ്ഞു. നിർമാണച്ചെലവ് പരമാവധി കുറയ്ക്കാനാണു സാധ്യതയെന്ന് റെയിൽവേ അധികൃതർ പറയുന്നു. പുനർവികസന പദ്ധതിയിൽ പുതിയ എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ, മികച്ച യാത്രാ സൗകര്യങ്ങൾ, അഞ്ചുനില സ്റ്റേഷൻ, പിൽഗ്രിം സെന്റർ, എയർകോഴ്സ് എന്നിങ്ങനെ വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മാറ്റങ്ങൾ വരുത്തിയ റിപ്പോർട്ട് റെയിൽവേ ബോർഡ് വിലയിരുത്തിയശേഷം അനുമതി ലഭിക്കണമെങ്കിൽ ഇനിയും മാസങ്ങളെടുത്തേക്കുമെന്നാണ് സൂചന.