Union Budget 2025: ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വലയ്ക്കുന്ന ആഴത്തിലുള്ള പ്രശ്നങ്ങൾ, ഈ പ്രതിസന്ധി വെറും ചാക്രിക മാന്ദ്യമല്ല
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഒരു ചാക്രിക മാന്ദ്യത്തിലൂടെ കടന്നുപോവുകയാണോ, അതോ അത് മഹാമാരിക്ക് മുമ്പുള്ള വളർച്ചാ പാതയിലേക്ക് മടങ്ങുകയാണോ എന്ന ചോദ്യമാണ് കേന്ദ്ര ബജറ്റ് അടുത്തിരിക്കെ ശക്തമായി ഉയരുന്നത്. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തെ കണക്കുകൾ വെച്ച് വിശകലനം ചെയ്യുന്ന സാമ്പത്തിക വിദഗ്ദ്ധൻ ഇഷാൻ ഭക്ഷി നിരവധി കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ബജറ്റ് 2025 അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾക്ക് തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പരിഹാരമാകില്ലെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിൽ രണ്ടാം പാദത്തിലെ വളർച്ച കുത്തനെ ഇടിഞ്ഞത് “താത്കാലിക തകർച്ചയായി ചിലർ വിലയിരുത്തുന്നുണ്ടെന്നും എന്നാൽ പിന്നീടുള്ള മാസങ്ങളിൽ ശക്തമായ തിരിച്ചുവരവ് കണ്ടതുമില്ലെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുനന്നു. ജിഎസ്ടി വരുമാനം രണ്ടാം പാദത്തിലെ 8.9 ശതമാനത്തിൽ നിന്ന് മൂന്നാം പാദത്തിൽ 8.3 ശതമാനമായി കുറയുന്നതാണ് കണ്ടത്. മഹാമാരിക്ക് മുമ്പുള്ള ശരാശരി 6.6 ശതമാനത്തിലേക്ക് സമ്പദ്വ്യവസ്ഥ വളരുമെന്ന് പലരും കണക്കാക്കുന്നുണ്ടെങ്കിലും ഇതിന് നിലവിലെ കണക്കുകൾ ബലം നൽകുന്നില്ല.
ചാക്രിക മാന്ദ്യമെന്ന് വിലയിരുത്തുമ്പോഴും അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല, മറിച്ച് ഈ ഉത്തരവാദിത്തം ആർബിഐക്ക് മേലെ കെട്ടിവെക്കുകയും ചെയ്യുന്നു. രൂപയുടെ മൂല്യം താഴോട്ട് പോയപ്പോഴും യാതൊന്നും ചെയ്യാതിരുന്നതിനാൽ കേന്ദ്ര ബാങ്കിനും ഇക്കാര്യത്തിൽ പങ്കുണ്ട്. നിലവിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കൂടുതൽ ആഴത്തിലുള്ളതാണ്. പലിശ നിരക്ക് കുറച്ചത് കൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല അത്. 2008ലെ സാമ്പത്തിക പ്രതിസന്ധിയോ 2013ലെ സാമ്പത്തിക തകർച്ചയോ പോലുള്ള മുൻകാല അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രൂപയുടെ മൂല്യം താഴോട്ട് പോയതും അതുകൊണ്ടാണെന്ന് ഇഷാൻ പറഞ്ഞു.
മഹാമാരിക്ക് ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നയിച്ചതിൽ പ്രധാന പങ്ക് സേവന രംഗത്തെ കയറ്റുമതിക്കായിരുന്നു. റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ്, യാത്രാ വാഹനങ്ങൾ, മറ്റ് ഉയർന്ന നിലവാരമുള്ള ചരക്കുകളിലും സേവനങ്ങളിലും ഇതിൻ്റെ പ്രതിഫലനമുണ്ടായി. സമ്പദ് വ്യവസ്ഥയുടെയാകെ വളർച്ചയ്ക്ക് ഇത് സഹായമായി. എന്നാൽ ഇന്ത്യൻ തൊഴിൽ ശക്തിയിലാകെ ഇതിൻ്റെ ഗുണഫലം അനുഭവപ്പെട്ടില്ല. അതിനാൽ തന്നെ ഉപഭോഗം ശക്തമാവുകയമുണ്ടായില്ല. സേവന കയറ്റുമതിയിൽ കുതിച്ചുചാട്ടത്തിൻ്റെ കാലം അവസാനിച്ചപ്പോൾ മാത്രമാണ് സമ്പദ് വ്യവസ്ഥയിലെ ആഴത്തിലുള്ള പ്രശ്നങ്ങൾ മറനീക്കി പുറത്തുവരുന്നത്.
തൊഴിൽ ശേഷിയിൽ മുന്നിലാണെങ്കിലും അവർക്കാവശ്യമായ അവസരങ്ങൾ ഒരുക്കി നൽകാൻ കഴിയാത്തത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ പ്രയാസമാണ്. ഇതിൻ്റെ വ്യക്തമായ തെളിവ് കാർ വിപണിയിൽ, പ്രത്യേകിച്ചും ചെറു കാറുകളുടെ വിൽപ്പനയിൽ കാണാനാവും. 10 ലക്ഷത്തിന് താഴെ വിലയുള്ള കാറുകൾ വാങ്ങുന്നവർ പൊതുവേ മധ്യവർഗക്കാരാണ്. ഇരുചക്രവാഹനങ്ങളും സെക്കൻ്റ് ഹാൻ്റ് കാറും ഉപേക്ഷിച്ച് സ്വന്തമായ വാഹനത്തിലേക്ക് ചേക്കാറാൻ ആഗ്രഹിക്കുന്നവർ. 2014-15 കാലത്ത് ആകെ വിറ്റഴിച്ച കാറുകളിൽ 73 ശതമാനവും ഈ വിഭാഗത്തിലായിരുന്നു. 2019-20 ആയപ്പോൾ അത് 65 ശതമാനത്തിലേക്ക് താഴ്ന്നു. 2024-25 കാലത്ത് ആകെ വിറ്റ കാറുകളിൽ 46 ശതമാനം മാത്രമാണ് ഈ വിഭാഗത്തിൽ നിന്നുള്ളത്. മാരുതി സുസുകിയുടെ മാത്രം കണക്കെടുത്താൽ, നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാതിയിലെ കാർ വിൽപ്പന 2017-18 കാലത്തേതിലും കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുയ .
കുറഞ്ഞ വിലയുള്ള കാറുകൾ വാങ്ങുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കണക്ക്. പൊതുവിപണി വികസിക്കുന്നതിൻ്റെ ഭാഗം ശക്തമല്ലെന്നതും മറ്റൊരു കാരണമാണ്. തൊഴിൽ വിപണിയിൽ അവസരങ്ങളുടെ കുറവും വേതന വളർച്ചയിലെ മെല്ലെപ്പോക്കും വളരെ കുറച്ച് പേർക്ക് മാത്രം വരുമാന വളർച്ച സാധ്യമാകുന്നതും ഇതിൻ്റെ ഒപ്പം ചേർത്തുവായിക്കേണ്ടതാണ്. തൊഴിൽ ശേഷിയിൽ ഇന്ത്യ വളരെ ഉയരത്തിലാണെങ്കിലും അതിനാവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ ആളുകളും സ്വയം തൊഴിൽ ചെയ്യുന്നവരാണ്. ഗാർഹിക സ്ഥാപനങ്ങളിലും വഴിയോര കടകളിലും തുച്ഛമായ തുകയ്ക്ക് ജോലി ചെയ്യുന്നവരും കാര്യമായ വരുമാനമേതുമില്ലാതെ കൃഷിപ്പണി ചെയ്യുന്നവരുമാണ് ഇതിൽ ഭൂരിഭാഗം. ഇവർക്കെല്ലാം മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന വിധത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രയാസങ്ങൾക്ക് പരിഹാരമാകുമായിരുന്നു.
വിതരണം, കരാർ, സുരക്ഷാ സേവനം തുടങ്ങിയ ഉയർന്ന വൈദഗ്ദ്ധ്യം ആവശ്യമില്ലാത്ത സെഗ്മെൻ്റുകളാണ് ഇപിഎഫ്ഒയുടെ പേറോൾ ഡാറ്റയെ നയിക്കുന്നത്. പരിമിതമായ തൊഴിലവസരങ്ങളും വേതന വളർച്ച തീരെയില്ലാത്തതും കടബാധ്യതയുടെ വർധനയിലേക്ക് കാര്യങ്ങൾ നയിക്കുന്നുണ്ട്. 2024 ജൂണിൽ ഗാർഹിക കടം 43 ശതമാനമായാണ് ഉയർന്നത്. വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി പരിശോധിക്കുമ്പോൾ ഈ കണക്ക് വളരെ കുറവാണെന്ന് തോന്നാമെങ്കിലും വ്യക്തിഗത വായ്പയുടെ ക്രമം തെറ്റിയ വളർച്ചയും ഇതോടൊപ്പം പരിഗണിക്കണം. നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ വ്യക്തിഗത വായ്പയെടുത്ത 60 ശതമാനത്തോളം പേരും അതിനോടകം മറ്റ് മൂന്ന് വായ്പകൾ എടുത്തവരാണ് എന്നതാണ് കണക്ക്. ഇവരെല്ലാം ഇത്രയധികം ലോണെടുത്തിട്ടും മൊത്തം ഉപഭോഗത്തിൽ കാര്യമായ വളർച്ച ഉണ്ടായിട്ടുമില്ല.
ഉപഭോഗം കുറഞ്ഞതും സർക്കാർ നയങ്ങളിൽ അനിശ്ചിതത്വം നിറഞ്ഞതും നിക്ഷേപങ്ങളെ പുറകോട്ട് വലിക്കുന്നുണ്ട്. നേരിട്ടുള്ള വിദേശനിക്ഷേപം താഴേക്ക് പോവുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ പതിനൊന്ന് വർഷമായി ഭരണത്തിലിരിക്കുന്ന സർക്കാരിന് ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആർക്കാണ് ഈ പ്രതിസന്ധിയെ മറികടക്കാനാവുകയെന്നും അദ്ദേഹം ചോദിക്കുന്നു.
Story Highlights : Fallout of limited job creation and muted wage growth in India can be seen in the greater recourse to debt