‘ഗുരുതര പിഴവുകൾ സംഭവിച്ചു’; പി കെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം, ജില്ലാ സമ്മേളനത്തിൽ ആവശ്യം
പാർട്ടി നടപടി നേരിട്ട മുൻ എംഎൽഎ പി കെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ആവശ്യം. പൊതു ചർച്ചയ്ക്ക് ഇടയിലായിരുന്നു പ്രതിനിധികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഗുരുതരമായ പിഴവുകൾ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്ന് പ്രവർത്തകർ ആരോപിച്ചു. പി കെ ശശിക്കെതിരെ പാർട്ടി നേരത്തെ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ കൊഴിഞ്ഞാമ്പറയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയത ഉണ്ടാവുമായിരുന്നില്ലെന്ന് ചർച്ചയുടെ ആദ്യഘട്ടത്തിൽ വിമർശനം ഉയർന്നിരുന്നു.
പി കെ ശശിയെ കെടിഡിസി, സിഐടിയു ജില്ലാ പ്രസിഡന്റ് പദവികളില്‍ നിന്നും നീക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം തീരുമാനിക്കാന്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലയില്‍ നിലപാട് എടുക്കാനായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം.
Read Also: ‘എന്‍ എം വിജയന്റെ കുടുംബത്തെ സംരക്ഷിക്കും’, വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് കെ സുധാകരൻ
സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി കെ ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയിരുന്നു. മറ്റ് പദവികൾ ഒന്നും തന്നെ ശശി വഹിക്കുന്നില്ല. സാമ്പത്തിക ക്രമക്കേട് ആരോപണമടക്കമുള്ള കാര്യങ്ങൾ ശശിക്കെതിരെ ഉയർന്നപ്പോൾ ആദ്യഘട്ടത്തിൽ തന്നെ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നും വിമർശനമുണ്ട്.എന്തിരുന്നാലും ഇക്കാര്യങ്ങളിലെല്ലാം തന്നെ നാളെ ജില്ലാ സെക്രട്ടറി മറുപടി പറയും. നേരത്തെ എൻ എൻ കൃഷ്ണദാസിനെതിരെയും എ കെ ബാലനെതിരെയും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു.അതിന് പിന്നാലെയാണിപ്പോൾ പി കെ ശശിക്കെതിരെയുള്ള വിമർശനം. മുതിര്‍ന്ന നേതാവിന്റെ പക്വത കാണിക്കണമെന്നായിരുന്നു കൃഷ്ണദാസിനെതിരെയുള്ള വിമര്‍ശനം.
അതേസമയം, എലപ്പുള്ളിയിലെ ബ്രൂവറി അനുമതി സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ച൪ച്ചയായി. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മാത്രം മുന്നോട്ട് പോകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം വന്നത് ദോഷം ചെയ്യുമെന്നും, ചർച്ച ചെയ്ത് ആശങ്കകൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമെന്ന് മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടു. വിഷയം അറിഞ്ഞത് പോലും വിവാദമായ ശേഷമാണെന്നും വിഷയത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നതായും പ്രാദേശിക നേതാക്കൾ ച൪ച്ചയിൽ പറഞ്ഞു.
Story Highlights : PK Sasi should be removed from the post of KTDC Chairman