മലയാളത്തില്‍ ആദ്യമായി ഒരു A സർട്ടിഫിക്കറ്റ് ചിത്രം 100 കോടി ക്ലബില്‍, നേട്ടവുമായി മാർക്കോ
മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ തിയേറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ പുതിയൊരു നേട്ടത്തിലേക്ക്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്ന നേട്ടമാണ് മാർക്കോ സ്വന്തമാക്കിയിരിക്കുന്നത്. ഈ സന്തോഷം നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഒപ്പം പുത്തൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. [Marco]
ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ തിയേറ്ററുകളിൽ എത്തിയത്. മലയാള സിനിമക്ക് പുതിയ ബെഞ്ച് മാർക്ക് സൃഷ്ടിച്ചുകൊണ്ട് ഇപ്പോഴും തിയേറ്ററുകളിൽ മുന്നേറുകയാണ് മാർക്കോ. വയലൻസ് രംഗങ്ങളും ആക്ഷൻ സീക്വൻസുകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ ഏറെ ആകർഷിച്ചു. കേരളത്തിനു പുറത്തും മാർക്കോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ മാർക്കോ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം പതിനഞ്ച് ദിവസത്തിനുള്ളിൽ 1.53 മില്യൺ ടിക്കറ്റുകൾ ആണ് വിറ്റഴിച്ചത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച മാർക്കോയുടെ തിരക്കഥ ഒരുക്കിയതും ഹനീഫ് അദേനിയാണ്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. ‘ബാഹുബലി’ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും മാർക്കോ നേടിയിട്ടുണ്ട്. ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ പ്രദര്‍ശനത്തിനെത്തുക.
Story Highlights : Marco first malayalm A certificate film in the 100 crore club