മന്ത്രിസഭാ തീരുമാനങ്ങൾ (15/01/2025)
▶️ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 570 തസ്തികകള്‍ സൃഷ്ടിക്കും
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കും. അസിസ്റ്റന്റ് സര്ജന് – 35, നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് II – 150, ഫാര്‍മസിസ്റ്റ് ഗ്രേഡ് II – 250, ലാബ് ടെക്നീഷ്യന് ഗ്രേഡ് II – 135 എന്നിങ്ങനെയാണിത്. നിയമന നടപടികള്‍ പൂര്‍ത്തിയായ ശേഷം അടുത്തഘട്ടമായി അനിവാര്യമായ തസ്തികകള്‍ സൃഷ്ടിക്കും. ഇക്കാര്യം പരിശോധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഓരോ ജില്ലയിലും അവശ്യം വേണ്ടുന്ന അസിസ്റ്റന്റ് സര്ജന് ഒഴികെയുള്ള തസ്തികകള്‍ ആരോഗ്യവും കുടുംബക്ഷേമവും വകുപ്പിന് നിശ്ചയിക്കാവുന്നതാണ്.
▶️ പാട്ടത്തിന് നല്‍കും
കേരള സർവ്വകലാശാലയുടെ കീഴിലുള്ള UIT മണ്ണടി സെൻ്ററിന് സ്വന്തമായി കെട്ടിടം പണിയുന്നതിന് പത്തനംതിട്ട അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ 28.57 ആർ ഭൂമി കേരള സര്‍വ്വകലാശാലയുടെ പേരില്‍ പാട്ടത്തിന് നല്‍കും. ആര് ഒന്നിന് പ്രതിവര്‍ഷം 100 രൂപ ഇടാക്കി 30 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുക.
▶️ പ്രാരംഭാനുമതി
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോൾ പ്ലാൻ്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാൻ്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് ( Oasis Commercial Pvt. Ltd.) എന്ന സ്ഥാപനത്തിന് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളും നിബന്ധനകളും പാലിക്കണമെന്ന നിബന്ധനയോടെ പ്രാരംഭാനുമതി നല്കി.
▶️ റിപ്പബ്ലിക് ദിനാഘോഷം
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ ഗവർണ്ണര്‍ രാജേന്ദ്ര അർലേക്കർ അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുക്കും.
ജില്ലാ ആസ്ഥാനങ്ങളിൽ പങ്കെടുക്കുന്ന മന്ത്രിമാര്‍:
കൊല്ലം – കെ.എൻ. ബാലഗോപാൽ
പത്തനംതിട്ട – ജെ. ചിഞ്ചുറാണി
ആലപ്പുഴ – പി. പ്രസാദ്
കോട്ടയം – വി.എൻ. വാസവൻ
ഇടുക്കി – റോഷി അഗസ്റ്റിൻ
എറണാകുളം – പി. രാജീവ്
തൃശൂർ – കെ. രാജൻ
പാലക്കാട് – കെ. കൃഷ്ണൻകുട്ടി
മലപ്പുറം – വി. അബ്ദുറഹ്മാൻ
കോഴിക്കോട് – പി.എ. മുഹമ്മദ് റിയാസ്
വയനാട് – എ.കെ. ശശീന്ദ്രൻ
കണ്ണൂർ – രാമചന്ദ്രൻ കടന്നപ്പള്ളി
കാസർഗോഡ് – കെ.ബി. ഗണേഷ് കുമാർ.
▶️ ദര്‍ഘാസിന് അനുമതി
ജല്‍ജീവന്‍ മിഷന് മുഖേന നടപ്പാക്കുന്ന താനൂര്‍ ചെറിയമുണ്ടം പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം ചെറിയ മുണ്ടം പഞ്ചായത്തില്‍ വിതരണ ശൃംഖലയും കണക്ഷനും നല്കുന്ന പ്രവൃത്തിക്കുള്ള ദര്‍ഘാസ് അംഗീകരിക്കും.
▶️ ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ – കേരള
കേന്ദ്ര സര്‍ക്കാരിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ‘ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ പ്രൊജക്ടിനായി ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ – കേരള എന്ന പേരില്‍ അനര്‍ട്ടിന്റെ നേതൃത്വത്തില്‍ ലാഭേച്ഛയില്ലാത്ത കമ്പനി രജിസ്റ്റർ ചെയ്യും. ബോര്‍ഡ് ഡയറക്ടര്‍മാരായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ-അനെർട്ട്), കേന്ദ്ര സർക്കാരിലെ ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ പ്രതിനിധി, ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ ഓഹരി ഉടമകളുടെ/പങ്കാളികളുടെ പ്രതിനിധികൾ. (പരമാവധി – 2), ധനകാര്യ/ഊർജ്ജ വകുപ്പുകളിൽനിന്നുമുള്ള സർക്കാർ പ്രതിനിധികൾ, വ്യവസായ, സ്വകാര്യ/പൊതുമേഖലാ വിഭാഗത്തിൽ നിന്നുമുള്ള പ്രതിനിധികൾ (പരമാവധി- 2) എന്നിവരെ ഉള്‍പ്പെടുത്തും.
▶️ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം
2025 ജനുവരി 8 മുതൽ 13 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 8,43,31,000 രൂപയാണ് വിതരണം ചെയ്തത്. 1817 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.
ജില്ല തിരിച്ചുള്ള വിവരങ്ങൾ:
തിരുവനന്തപുരം 56 പേർക്ക് 37,41,000 രൂപ
കൊല്ലം 295 പേർക്ക് 1,17,20,000 രൂപ
പത്തനംതിട്ട 58 പേർക്ക് 19,75,000 രൂപ
ആലപ്പുഴ 83 പേർക്ക് 39,15,000 രൂപ
കോട്ടയം 68 പേർക്ക് 36,45,000 രൂപ
ഇടുക്കി 20 പേർക്ക് 33,37,000 രൂപ
എറണാകുളം 265 പേർക്ക് 1,10,99,000 രൂപ
തൃശ്ശൂർ 209 പേർക്ക് 90,99,000 രൂപ
പാലക്കാട് 122 പേർക്ക് 94,75,000 രൂപ
മലപ്പുറം 271 പേർക്ക് 97,88,000 രൂപ
കോഴിക്കോട് 115 പേർക്ക് 52,27,000 രൂപ
വയനാട് 15 പേർക്ക് 8,65,000 രൂപ
കണ്ണൂർ 102 പേർക്ക് 48,03,000 രൂപ
കാസർകോട് 138 പേർക്ക് 56,42,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
#cabinetdecisions #keralagovernment